രോഹിത്, കോലി, യാദവ് എന്നിവർക്ക് ഫിഫ്റ്റി, നെതർലൻഡ്സിനു മുന്നിൽ 180 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ
ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ നെതർലൻഡ്സിനു മുന്നിൽ 180 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധസെഞ്ചറികളുമായി ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർ തിളങ്ങിയതാണ് തുടക്കത്തിൽ പതുങ്ങിയ ഇന്ത്യയെ മികച്ച സ്കോർ കണ്ടെത്താൻ സഹായകരമായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി പിന്നിട്ട കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 44 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 62 റൺസാണ് കോലി അടിച്ചെടുത്തത്. ഫോമിലേക്കു തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 53 റൺസെടുത്തു പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. നാലു ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്‌സ്.
പതിഞ്ഞ തുടക്കമിടുന്നതിന്‍റെ പേരില്‍ ഏറെ പഴി കേട്ട രോഹിത്തും രാഹുലും ദുര്‍ബലരായ നെതര്‍ലന്‍ഡിനെതിരെയും പതുക്കെയാണ് തുടങ്ങിയത്. വാന്‍ മീക്കീരന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ഇന്ത്യക്ക് കെ എല്‍ രഹുലിന്‍റെ വിക്കറ്റ് നഷ്ടമായി. മീക്കീരന്‍റെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ടാം വിക്കറ്റിൽ രോഹിത് ശർമയ്ക്കൊപ്പവും പിരിയാത്ത മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവിനൊപ്പവും വിരാട് കോലി പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടുകളാണ് കരുത്തായത്.