ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ, ഇനി മുതൽ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ വേതനം
ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രപരമായ തീരുമാനവുമായി ബിസിസിഐ. ഇന്ത്യന്‍ പുരുഷ, വനിതാ താരങ്ങളുടെ മാച്ച് ഫീ തുല്യമായി ഏകീകരിച്ചു. ഇതോടെ പുരുഷ താരങ്ങള്‍ക്ക് സമാനമായ മാച്ച് ഫീ കരാറിലുള്ള വനിതാ താരങ്ങള്‍ക്ക് ലഭിക്കും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ 6 ലക്ഷവും രാജ്യാന്തര ടി20യില്‍ 3 ലക്ഷവുമാണ് വനിതാ താരങ്ങള്‍ക്ക് ഓരോ മത്സരങ്ങള്‍ക്കും പുരുഷന്‍മാരുടേതിന് സമാനമായി പ്രതിഫലം ഇനി മുതല്‍ ലഭിക്കുക.
എന്നാല്‍ വാർഷിക പ്രതിഫലത്തിന്‍റെ കാര്യത്തില്‍ പുതിയ പ്രഖ്യാപനമൊന്നുമില്ല. ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ലിംഗസമത്വം ഇന്ത്യന്‍ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി.
ബിസിസിഐയുടെ സെക്രട്ടറിയായി രണ്ടാം ഊഴം ലഭിച്ചതിനുപിന്നാലെയാണ് ജയ് ഷാ ഇക്കാര്യമറിയിച്ചത്. നിലവില്‍ പുരുഷതാരങ്ങള്‍ക്ക് ലഭിക്കുന്ന അതേ മാച്ച് ഫീ വനിതകള്‍ക്കും ലഭ്യമാകും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ ആറുലക്ഷവും ട്വന്റി 20യില്‍ മൂന്ന് ലക്ഷവും ഓരോ വനിതാ താരത്തിനും ലഭിക്കും.