നൂറുള്‍ ഹസന്റെ മണ്ടത്തരം, ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചുറൺസ് സമ്മാനം
ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു റണ്‍സ് അധികമായി ലഭിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ആരാധകരിൽ ഇപ്പോൾ ഉയരുന്നത്. ബൗളിംഗ് ചെയ്തുകൊണ്ടിരുന്ന സമയത്ത് ബംഗ്ലാദേശിന് ലഭിച്ച പിഴയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചുറണ്‍സ് അമ്പയർമാർ നൽകിയത്. കളിയുടെ 11-ാം ഓവറില്‍ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ നൂറുള്‍ ഹസന്‍ നടത്തിയ മണ്ടത്തരമാണ് പിഴയില്‍ കലാശിച്ചത്.
ഷാക്കിബ് അല്‍ ഹസന്‍ പന്തെറിയാനായി വരുന്ന സമയം നൂറുള്‍ സ്ഥാനം മാറി നിന്നു. പന്തെറിയുന്ന സമയത്ത് വിക്കറ്റ് കീപ്പര്‍ നില്‍ക്കുന്നിടത്തുനിന്ന് ചലിക്കാന്‍ പാടില്ലെന്ന നിയമമുണ്ട്. ഇത് നൂറുള്‍ തെറ്റിച്ചു. പിന്നാലെ അമ്പയര്‍മാര്‍ ബംഗ്ലാദേശിന് പിഴവിധിച്ചു. അഞ്ചുറണ്‍സ് ദക്ഷിണാഫ്രിക്കയ്ക്ക് സൗജന്യമായി നല്‍കാനായിരുന്നു അമ്പയര്‍മാരുടെ തീരുമാനം. 11 ഓവറില്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് റണ്‍സ് കൂടി ലഭിച്ചപ്പോള്‍ സ്‌കോര്‍ 117 ആയി ഉയര്‍ന്നു.
മത്സരത്തില്‍ 104 റണ്‍സിന് ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തുകയും ചെയ്‌തു. പ്രോട്ടീസ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.