മങ്കാദിംഗിനെ പിന്തുണച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയും
മങ്കാദിംഗിനെ പിന്തുണച്ച് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ രംഗത്ത്. നിയമമാണെങ്കിൽ അനുസരിക്കുക മാത്രമാണ് വഴിയെന്ന് താരം വ്യക്തമാക്കി. നിയമമാണെങ്കിൽ അത് പാലിക്കുക മാത്രമാണ് ചെയ്യാനുള്ളത്. താൻ ക്രീസിന് പുറത്തായിരിക്കുന്ന സാഹചര്യത്തിൽ ഒരു ബൗളർ മങ്കാദിംഗിലൂടെ ഔട്ടാക്കിയാലും തനിക്കതൊരു പ്രശ്നമല്ലെന്നുമാണ് ഹാർദിക്കിന്റെ അഭിപ്രായം.
ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‍ലർ,ബെൻസ്റ്റോക്സ്, ഓസീസ് നായകൻ ആരോൺ ഫിഞ്ച് എന്നിവരെല്ലാം മങ്കാദിംഗിനെ വിമർശിച്ചിട്ടുണ്ടെങ്കിലും ഐസിസി മങ്കാദിംഗ് റണ്ണൗട്ടായി പരിഗണിക്കാമെന്നാണ് നിയമം ഭേദഗതി ചെയ്തത്.
മങ്കാദിംഗിനെ മാന്യതയില്ലാത്ത കളിയെന്ന് പരാമര്‍ശിക്കുന്നതും ഐസിസി നിര്‍ത്തലാക്കിയിരുന്നു. വനിതാ ഏകദിന പരമ്പരയിലെ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ ദീപ്തി ശർമ, ഷാർലറ്റ് ഡീനിനെ പുറത്താക്കിയതാണ് സമീപകാലത്ത് വീണ്ടും മങ്കാദിംഗ് ചർച്ചകളിലേക്ക് എത്തിച്ചത്. മങ്കാദിംഗിനെക്കുറിച്ചുള്ള ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. നേരത്തെ ഐപിഎല്ലിൽ അശ്വിൻ ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറെ പുറത്താക്കിയതും വലിയ വിവാദമായിരുന്നു.