Cricket cricket worldcup Cricket-International Top News

നെതർലൻഡ്‌സിനെതിരെ ആര്‍ക്കും വിശ്രമം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യയുടെ ബൗളിംഗ് പരിശീലകന്‍

October 26, 2022

author:

നെതർലൻഡ്‌സിനെതിരെ ആര്‍ക്കും വിശ്രമം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യയുടെ ബൗളിംഗ് പരിശീലകന്‍

ടി20 ലോകകപ്പില്‍ നാളെ നടക്കുന്ന നെതര്‍ലന്‍ഡ്സിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിൽ ആര്‍ക്കും വിശ്രമം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യയുടെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രെ.

ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അടക്കം എല്ലാ താരങ്ങളും കളിക്കാന്‍ സജ്ജരാണെന്നും ആര്‍ക്കും വിശ്രമം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരസ് മാംബ്രെ പറഞ്ഞു. സൂപ്പര്‍ 12ല്‍ ഞായറാഴ്ച നടന്ന പാകിസ്ഥാനെതിരായ മത്സരത്തിന്‍റെ അവസാനം ബാറ്റിംഗിനിടെ ഹാര്‍ദ്ദിക്കിന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു.

എന്നാല്‍ ഹാര്‍ദ്ദിക്കിന് പരിക്കൊന്നുമില്ലെന്നും നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ കളിക്കാന്‍ പൂര്‍ണമായും ഫിറ്റാണെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. നെതര്‍ലന്‍ഡ്സിനെതിരെ ആര്‍ക്കും വിശ്രമം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പാക്കിസ്ഥാനെതിരായ വിജയത്തിന്‍റെ ആവേശം നിലനിര്‍ത്താനാണ് ടീം ശ്രമിക്കുന്നതെന്ന് കൂട്ടിച്ചേർത്ത മാംബ്രെ വിജയാവേശം നിലനിര്‍ത്തുന്നതിനൊപ്പം കളിക്കാരുടെ ഫോം നിലനിര്‍ത്തുന്നതും പ്രധാനമാണെന്നും എല്ലാ മത്സരങ്ങളിലും കളിക്കാനാണ് ഹാര്‍ദ്ദിക് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും പറഞ്ഞു.

നെതര്‍ലന്‍ഡ്സിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം ദീപക് ഹൂഡക്ക് അവസരം നൽകണമെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ രംഗത്തു വന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

Leave a comment