നെതര്‍ലന്‍ഡ്സിനെതിരെ പാണ്ഡ്യക്ക് പകരം ദീപക് ഹൂഡക്ക് അവസരം നൽകണമെന്ന് ഗവാസ്‌കർ
ടി20 ലോകകപ്പിലലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ വ്യാഴാഴ്ച നെതര്‍ലന്‍ഡ്സിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം ദീപക് ഹൂഡക്ക് അവസരം നൽകണമെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. പാണ്ഡ്യക്ക് വിശ്രമം അനുവദിക്കാനാണ് താൻ അഭിപ്രായപ്പെടുന്നതെന്നും ഹാര്‍ദ്ദിക്കിന് പകരം ദീപക് ഹൂഡക്കോ ദിനേശ് കാര്‍ത്തിക്കിനോ അഞ്ചാം നമ്പറില്‍ അവസരം നല്‍കണെമന്നും ടീമിലെ ആര്‍ക്കെങ്കിലും നേരിയ പരിക്കുണ്ടെങ്കില്‍ അവര്‍ക്കെല്ലാം വിശ്രമം അനുവദിക്കാവുന്നതാണെന്നും ഗവാസ്കര്‍ കൂട്ടിച്ചേർത്തു.
ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മൂന്നാം മത്സരം ഇന്ത്യക്ക് നിര്‍ണായകമാണെന്നതിനാലാണ് പാണ്ഡ്യക്ക് വിശ്രമം അനിവാര്യമാവുന്നത്. ആ മത്സരത്തിനായി കളിക്കാരെ സജ്ജരാക്കാന്‍ പരിക്കിന്‍റെ ലക്ഷണമുള്ളവര്‍ക്ക് പോലും വിശ്രമം കൊടുക്കാവുന്നതാണ്. ടി20 ക്രിക്കറ്റില്‍ ആരെയും കുഞ്ഞന്‍മാരായി കണക്കാനാവില്ലെന്നും പാക്കിസ്ഥാനെതിരായ മത്സരശേഷം ഇന്ത്യ ആലസ്യത്തിലേക്ക് വീഴരുതെന്നും ഗവാസ്കര്‍ ഓര്‍മിപ്പിച്ചു.
നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെയോ പാക്കിസ്ഥാനെയോ പോലെ കരുത്തരല്ലായിരിക്കാം. പക്ഷെ അതുകൊണ്ട് ഇന്ത്യക്ക് നെതര്‍ലന്‍ഡ്സിനെ വെല്ലുവിളിയായി കണക്കാക്കാതിരിക്കാനാവില്ല. നെതര്‍ലന്‍ഡ്സിനെതിര മുഹമ്മദ് ഷമിക്കും അവസരം നല്‍കണം. കാരണം, ഷമിക്ക് മത്സരപരിചയം കുറവാണ്.