ട്വന്‍റി 20 റാങ്കിംഗ്; ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിൽ ഹാർദിക്കിനും മുന്നേറ്റം
ഐസിസി ട്വന്‍റി 20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാർദിക് പാണ്ഡ്യക്ക് മുന്നേറ്റം. ലോകകപ്പിലെ മിന്നും തുടക്കത്തോടെ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യൻ താരം മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് മൂന്നാമതെത്തി. പാകിസ്ഥാനെതിരെ മൂന്ന് വിക്കറ്റും 40 റണ്‍സും പാണ്ഡ്യ നേടിയിരുന്നു. ഓള്‍റൗണ്ടര്‍മാരില്‍ ഇംഗ്ലണ്ടിന്‍റെ മൊയീന്‍ അലി നാലും സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ അഞ്ചാമതും നില്‍ക്കുന്നു.
അതേസമയം ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 14 പോയിന്‍റ് മാത്രം പിന്നിലായി അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയാണ് തൊട്ടടുത്ത്.
അതേസമയം ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഐതിഹാസിക പ്രകടനത്തോടെ റാങ്കിംഗില്‍ ആദ്യ പത്തിലേക്ക് ഇരച്ചെത്തി ഇന്ത്യയുടെ വിരാട് കോലി. ബാറ്റര്‍മാരുടെ പട്ടികയില്‍ 635 റേറ്റിംഗ് പോയിന്‍റുമായി കോലി ഒമ്പതാമതാണ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കോലിയുടെ കുതിപ്പ്.
14-ാം സ്ഥാനത്തായിരുന്ന കോലി, ഒറ്റയടിക്ക് അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വിജയം നുണഞ്ഞപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയായിരുന്നു.