ഐസിസി ട്വന്‍റി 20 റാങ്കിംഗിൽ ആദ്യ പത്തിൽ തിരികെയെത്തി കിംഗ് കോലി
ഐസിസി ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഐതിഹാസിക പ്രകടനത്തോടെ റാങ്കിംഗില്‍ ആദ്യ പത്തിലേക്ക് ഇരച്ചെത്തി ഇന്ത്യയുടെ വിരാട് കോലി. ബാറ്റര്‍മാരുടെ പട്ടികയില്‍ 635 റേറ്റിംഗ് പോയിന്‍റുമായി കോലി ഒമ്പതാമതാണ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കോലിയുടെ കുതിപ്പ്.
14-ാം സ്ഥാനത്തായിരുന്ന കോലി, ഒറ്റയടിക്ക് അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വിജയം നുണഞ്ഞപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയായിരുന്നു.
849 പോയന്റുമായി പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് ഒന്നാം സ്ഥാനത്ത്. 831 പോയന്റുമായി ന്യൂസീലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് 828 പോയന്റുമായി മൂന്നാം സ്ഥാനത്താണ്.
അതേസമയം ബൗളര്‍മാരില്‍ അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ ഒന്നാംസ്ഥാനത്ത് മടങ്ങിയെത്തി. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ പ്രകടനത്തോടെ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെയാണ് റാഷിദ് പിന്തള്ളിയത്. ഇംഗ്ലണ്ടിനെതിരെ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത റാഷിദ് ഒരു വിക്കറ്റ് നേടിയിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനും ശ്രീലങ്കയ്ക്കുമെതിരെ രണ്ട് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റ് നേടിയെങ്കിലും റണ്‍സേറെ വഴങ്ങിയതാണ് ഹേസല്‍വുഡിന് തിരിച്ചടിയായത്.