റൺസൊഴുകും പിച്ചിൽ ഇന്ത്യക്ക് നാളെ രണ്ടാം മത്സരം, എതിരാളി നെതർലൻഡ്‌സ്
ട്വന്‍റി 20 ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ നെതർലൻഡ്‌സിനെ നേരിടാന്‍ തയാറെടുക്കുകയാണ് പാകിസ്ഥാനെതിരെ കിടിലം വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാളെയാണ് സൂപ്പര്‍-12 ഘട്ടത്തില്‍ ഇന്ത്യയുടെ രണ്ടാം മത്സരം.
പാകിസ്ഥാനെ ആദ്യ മത്സരത്തില്‍ കീഴടക്കിയതിന്‍റെ ആത്മവിശ്വാസവുമായാണ് രോഹിത് ശര്‍മ്മയും സംഘവും. മത്സരത്തില്‍ റണ്ണൊഴുക്ക് പ്രതീക്ഷിക്കാം എന്നാണ് സിഡ്‌നി പിച്ചില്‍ നിന്നും ലഭിക്കുന്ന സൂചന. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ന്യൂസിലന്‍ഡ് സിഡ്‌നിയില്‍ 200 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇന്ത്യ-നെതർലൻഡ്‌സ് മത്സരത്തില്‍ പിച്ച് കൂടുതല്‍ സ്ലോ ആവാനിടയുണ്ട്.
ഇത് ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന സൂചനയാണ്. നെതർലൻഡ്‌സിന്‍റെ ആദ്യ എട്ടിൽ ഒരു ഇടംകൈയ്യൻ മാത്രമുള്ളതിനാൽ ഇന്ത്യ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് അവസരം നല്‍കിയേക്കും. എന്നാല്‍ ബാറ്റിംഗ് പരിഗണിച്ച് ആര്‍ അശ്വിന്‍ തുടരാനാണ് സാധ്യത എന്ന സൂചനയാണ് ബൗളിംഗ് പരിശീലകന്‍ പരാസ് മാംബ്രെ നല്‍കുന്നത്. അശ്വിന്‍റെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിംഗിനെ കൂടുതല്‍ സന്തുലിതമാക്കും എന്നതൊരു വസ്‌തുതയാണ്.