സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി ഓസീസ്, ശ്രീലങ്കക്കെതിരെ ജയം
ടി20 ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയ. 12-ാം ഓവര്‍ വരെ ഒപ്പത്തിനൊപ്പം പോരാടിയ ലങ്കയെ 17 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ മാര്‍ക്കസ് സ്റ്റോയ്നിസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് ഓസ്ട്രേലിയ അനായാസം മറികടന്നത്.
അവസാന 48 പന്തില്‍ വിജയത്തിലേക്ക് 70 റണ്‍സ് വേണ്ടിയിരുന്ന ഓസീസിനെ സ്റ്റോയ്നിസ് അനായാസം ലക്ഷ്യത്തിലെത്തിച്ചു. 17 പന്തില്‍ ആറ് സിക്സും നാലു ഫോറും പറത്തി അര്‍ധസെഞ്ചുറി തികച്ച സ്റ്റോയ്നിസ് 18 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. നായകന് ആരോണ്‍ ഫിഞ്ച് 41 പന്തില്‍ 31 റണ്‍സെടുത്ത് വിജയത്തില്‍ സ്റ്റോയ്നിസിന് കൂട്ടായി.
ജയത്തോടൊപ്പം മികച്ച നെറ്റ് റണ്‍റേറ്റും ആവശ്യമായിരുന്ന ഓസീസിന് തുണയായത് സ്റ്റോയ്നസിന്റെ ഇന്നിങ്സായിരുന്നു. വെടിക്കെട്ട് ഇന്നിങ്സോടെ ട്വന്റി 20-യില്‍ ഒരു ഓസീസ് താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡും സ്റ്റോയ്നിസ് സ്വന്തമാക്കി.
ട്വന്റി 20 ലോകകപ്പില്‍ പിറക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയും കൂടിയാണ് സ്റ്റോയ്നിസിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.






































