2023 സീസണിലേക്കും പൂജാരയെ നിലനിർത്തി കൗണ്ടി ക്ലബ് സസെക്സ്
2023 സീസണിലേക്ക് സീനിയർ ഇന്ത്യൻ ബാറ്റർ ചേതേശ്വര് പൂജാരയെ വീണ്ടും സൈൻ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കൗണ്ടി ക്ലബ് സസെക്സ് ക്രിക്കറ്റ്. ആദ്യ സീസണിൽ താരത്തിന്റെ മികച്ച പ്രകടനമാണ് പൂജാരയെ വരാനിരിക്കുന്ന സീസണിലേക്കും നിലനിർത്താൻ കാരണമായിരിക്കുന്നത്.
2022 സീസണിൽ സസെക്സിനായി സ്ഥിരതയാർന്ന പ്രകടനമായിരുന്നു പൂജാര പുറത്തെടുത്തത്. 2022 കൗണ്ടി ചാമ്പ്യൻഷിപ്പിലും റോയൽ ലണ്ടൻ ഏകദിന കപ്പിലും തന്റെ ബാറ്റിംഗ് മികവ് കൊണ്ട് എല്ലാവരെയും താരം ശരിക്കും അമ്പരപ്പിക്കുകയായിരുന്നു. ‘ക്ലാസ് റോൾ മോഡൽ’ എന്ന വിശേഷണത്തോടെയാണ് പൂജാരയുടെ കരാർ നീട്ടിയതിനു ശേഷം സസെക്സ് പെർഫോമൻസ് ഡയറക്ടർ കീത്ത് ഗ്രീൻഫീൽഡ് പ്രതികരിച്ചത്.
അതേസമയം, അടുത്ത സീസണിലും കൗണ്ടി ക്ലബ്ബ് കന്നെ നിലനിർത്തിയതിന് പൂജാര നന്ദി അറിയിക്കുകയും 2023-ൽ ടീമിന്റെ വളർച്ചയ്ക്കും വിജയത്തിനും സംഭാവന നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. 2022 കൗണ്ടി ചാമ്പ്യൻഷിപ്പിൽ 109.4 ശരാശരിയിൽ 1000 റൺസാണ് പൂജാര നേടിയത്. അതിൽ റെക്കോർഡിട്ട മൂന്ന് ഇരട്ട സെഞ്ച്വറികളും ഉൾപ്പെടുന്നു.






































