അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ആറാമത്തെ താരം എന്ന റെക്കോഡുമായി കോലി
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിരാട് കോലിയുടെ വീരോചിത ഇന്നിങ്സിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. താരത്തിന്റെ രാജ്യാന്തര കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മെല്‍ബണില്‍ പിറന്നത്. ഒരുഘട്ടത്തില്‍ തോല്‍വി മണത്തിരുന്ന ടീമിനെ 53 പന്തില്‍ പുറത്താകാതെ 82 റണ്‍സുമായി വിജയത്തേരിലേക്ക് ആനയിച്ച കിംഗ് കോലിയുടെ മാസ്മരിക ഇന്നിംഗ്സായി ഇത്.
കോലിയുടെ മികച്ച ബാറ്റിങ് പ്രകടനത്തില്‍ ഒരു ഘട്ടത്തില്‍ നഷ്ടപ്പെട്ട മത്സരം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ആരാധകരെ അമ്പരപ്പിച്ച കോലിയുടെ ബാറ്റിങ് പ്രകടനത്തില്‍ പല റെക്കോഡുകളും തകര്‍ന്നുവീണു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ആറാമത്തെ താരം എന്ന റെക്കോഡ് കോലി പാകിസ്ഥാനെതിരായ മത്സരത്തിലൂടെ കോലി നേടിയെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് കോലി ആറാമതെത്തിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ റണ്‍നേട്ടം 24212 റണ്‍സായി ഉയര്‍ന്നു. ഇതില്‍ 71 സെഞ്ചുറികളും 126 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. ഇതോടെ താരം ദ്രാവിഡിനെ മറികടന്ന് പട്ടികയില്‍ ആറാമതായി. ദ്രാവിഡിന്റെ അക്കൗണ്ടില്‍ 24208 റണ്‍സാണുള്ളത്. 48 സെഞ്ചുറികളും 146 അര്‍ധസെഞ്ചുറികളും ദ്രാവിഡിനുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയിരിക്കുന്നത് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറാണ്. 34357 റണ്‍സാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (28016), ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിങ് (27483), ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ (25957), ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് (25534) എന്നിവരാണ് രണ്ട് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.






































