ടി20 ലോകകപ്പ്; സിംബാബ്വെ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു
ടി20 ലോകകപ്പില്‍ സിംബാബ്വെ-ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. മഴ കാരണം മത്സരം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്വെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് നേടി. മറുപടിയായി ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴയെത്തി.
മത്സരം ഉപേക്ഷിക്കുകയും ഇരുടീമുകള്‍ക്കും ഓരോ പോയന്റ് വീതം ലഭിക്കുകയും ചെയ്തു. മഴമൂലം മത്സരം ഒന്‍പത് ഓവറാക്കി ചുരുക്കിയിരുന്നു. 18 പന്തില്‍ നിന്ന് പുറത്താവാതെ 35 റണ്‍സെടുത്ത വെസ്ലി മധെവെരെയാണ് സിംബാബ്വെയുടെ ടോപ് സ്കോറര്‍. ഒരു ഘട്ടത്തില്‍ 19 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട സിംബാബ്വെയെ വെസ്ലി ഒറ്റയ്ക്ക് തോളിലേറ്റി. നാല് ഫോറും ഒരു സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
18 റണ്‍സെടുത്ത മില്‍ട്ടണ്‍ ശുംബയും തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡി രണ്ട് വിക്കറ്റെടുത്തപ്പോള്‍ വെയ്ന്‍ പാര്‍നെല്‍, ആന്റിച്ച് നോര്‍ക്യെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മഴ കളിമുടക്കുംമുന്പ് അതിവേഗത്തില്‍ വിജയത്തിലെത്തുക എന്ന ലക്ഷ്യവുമായാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനിറങ്ങിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തു.
മത്സരത്തിനിടെ മഴ പെയ്തതോടെ മത്സരം ഏഴോവറാക്കി ചുരുക്കി. വിജയലക്ഷ്യം 64 ആക്കി കുറയ്ക്കുകയും ചെയ്തു. ഡി കോക്ക് വെറും 18 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 47 റണ്‍സെടുത്ത് നില്ക്കവേ മഴ വീണ്ടും പെയ്തു. ദക്ഷിണാഫ്രിക്ക അപ്പോള്‍ മൂന്നോവറില്‍ 51 റണ്‍സ് നേടിക്കഴിഞ്ഞിരുന്നു.






































