റെക്കോര്‍ഡ് ബുക്കിൽ ഇടംപിടിച്ച് പാകിസ്ഥാനെതിരായ ഇന്ത്യയുടെ ജയം
റെക്കോര്‍ഡ് ബുക്കിലും ഇടംപിടിച്ച് ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ കിടിലൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് 160 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യ അവസാന പന്തില്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. അവസാന മൂന്ന് ഓവറിലാണ് കളി മാറിയത്. ഈ മൂന്നോവറില്‍ 48 റണ്‍സ് അടിച്ചെടുത്താണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഇതൊരു ടി20 ലോകകപ്പ് റെക്കോര്‍ഡാണ്.
അവസാന മൂന്ന് ഓവറില്‍ 48 റണ്‍സ് നേടി ജയിക്കുന്നത് മുമ്പൊരിക്കല്‍ മാത്രമാണ് സംഭവിച്ചിള്ളത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പിലായിരുന്നു ആദ്യത്തേത്. അന്ന് പാകിസ്ഥാനാണ് തോറ്റത്. ജയം ഓസ്ട്രേലിയക്കൊപ്പവും. ഇപ്പോള്‍ ഇന്ത്യയും പാകിസ്ഥാനെ തോല്‍പ്പിച്ചിരിക്കുന്നു. 2014ല്‍ മിര്‍പൂരില്‍ ഓസ്ട്രേലിയക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് മൂന്നോവറില്‍ 42 റണ്‍സ് നേടി ജയിച്ചിരുന്നു.
2010ല്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക അവസാന മൂന്ന് ഓവറില്‍ 41 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയും ചെയ്തു. ഇത് നാലാം തവണയാണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യ അവസാന പന്തില്‍ ജയിക്കുന്നത്. 2016ല്‍ ഓസ്ട്രേലിയക്കെതിരെ അവസാന പന്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. 2018ല്‍ കൊളംബോയില്‍ ബംഗ്ലാദേശിനെതിരേയും ഇന്ത്യ ജയം നേടി. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെ ചെന്നൈയിലും ഇന്ത്യ അവസാന പന്തില്‍ വിജയം സ്വന്തമാക്കി.






































