ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ആദ്യ ഓസീസിനെ തകര്‍ത്തെറിഞ്ഞ് ന്യൂസിലന്‍ഡ്
ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ ആതിഥേയരെ തകര്‍ത്തെറിഞ്ഞ് ന്യൂസിലന്‍ഡ് തുടങ്ങി. സിഡ്നി ക്രിക്കറ്റ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. പുറത്താവാതെ 92 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ന്യൂസിലന്‍ഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ ഓസീസ് 17.1 ഓവറില്‍ 111ന് എല്ലാവരും പുറത്തായി. മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 201 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. ടീം സ്കോര്‍ വെറും അഞ്ചുറണ്സില് നില്‍ക്കെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായി. ടിം സൗത്തിയാണ് വാര്‍ണറെ പുറത്താക്കിയത്.
പിന്നാലെ നാലാം ഓവറിലെ അവസാന പന്തില്‍ ഓപ്പണറും നായകനുമായ ആരോണ്‍ ഫിഞ്ചും പുറത്തായി. 11 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ഫിഞ്ചിനെ മിച്ചല്‍ സാന്റ്നര്‍ പുറത്താക്കി. പിന്നലെ വന്ന മിച്ചല്‍ മാര്‍ഷ് അനാവശ്യമായി വിക്കറ്റ് കളഞ്ഞു. വെറും 16 റണ്‍സാണ് ഓള്‍റൗണ്ടറുടെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്വെല് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഓസ്ട്രേലിയന്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. എന്നാല്‍ താരത്തിന് പിന്തുണ നല്കാന് മറുവശത്ത് ഒരു ബാറ്റര്‍ക്കും സാധിച്ചില്ല.
മാര്‍ക്കസ് സ്റ്റോയിനിസ് (14 പന്തില്‍ ഏഴ് റണ്‍സ്), ഡിം ഡേവിഡ് (എട്ട് പന്തില്‍ 11 റണ്‍സ്), മാത്യു വെയ്ഡ് (നാല് പന്തില്‍ രണ്ട് റണ്‍സ്) എന്നിവര്‍ നിലയുറപ്പിക്കുമുന്പ് പുറത്തായി. മാക്സ്വെല് 20 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത് പൊരുതിയെങ്കിലും ഫലവത്തായില്ല.






































