ടി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി വാർണർ
ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ കാറ്റിൽപറത്തി സീനിയർ ഓസീസ് താരം ഡേവിഡ് വാർണർ. 2024ലെ ടി20 ലോകകപ്പ് വരെ ടി20 ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം അടുത്ത വർഷം ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഭാവി വിലയിരുത്തുമെന്നും ഇടംകൈയ്യൻ ബാറ്റർ പറഞ്ഞു.
പത്ത് വർഷത്തിലേറെയായി ഓസ്ട്രേലിയൻ ടീമിലെ സുപ്രധാന അംഗമാണ് വാർണർ. ഇതിനകം 96 ടെസ്റ്റുകളിലും 138 ഏകദിനങ്ങളിലും 95 ടി20കളിലും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന ടി20 ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാർക്കായി താരം നിർണായക പങ്ക് വഹിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള് ലക്ഷ്യവും വാർണർ വ്യക്തമാക്കിയിട്ടുണ്ട്. 2009-ലാണ് ഓസ്ട്രേലിയയ്ക്കായി ടി20 ക്രിക്കറ്റിൽ വാർണർ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് അതേ വർഷം തന്നെ ആദ്യമായി ഏകദിനത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുകയും ചെയ്തു.






































