സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും വെങ്കിടേഷ് അയ്യർ പരിക്കേറ്റ് പുറത്ത്
മധ്യപ്രദേശ് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിന്റെ 2022 സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാവും. കണങ്കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരം ടീമിൽ നിന്നും പുറത്തായിരിക്കുന്നത്.
ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങൾ വെങ്കിടേഷ് അയ്യരിന് നഷ്ടമാകുമെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്കോട്ടിൽ റെയിൽവേസിനെതിരായ ആദ്യ മത്സരത്തിൽ മിന്നുന്ന പ്രകടനവുമായി എത്തിയ ഇടംകയ്യൻ തന്റെ മികച്ച ഫോമിൽ തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പരിക്ക് പിടികൂടുന്നത്.
സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലെ കഴിഞ്ഞ മത്സരത്തിൽ മധ്യനിരയിൽ 31 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയ വെങ്കിടേൽ് ബോളിംഗിൽ 20 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. 2021 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാനും അയ്യറിനായിരുന്നു. തുടർന്ന് പോയ വർഷം നടന്ന ലോകകപ്പ് ടീമിൽ ഇടംനേടാനും മധ്യപ്രദേശ് താരത്തിന് സാധിച്ചിരുന്നു.






































