മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിനെ സഹ പരിശീലകനായി നിയമിച്ച് പഞ്ചാബ് കിംഗ്‌സ്
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിനെ സഹ പരിശീലകനായി നിയമിച്ച് ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്‌സ്. അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) എഡിഷനിൽ പഞ്ചാബിന്റെ അസിസ്റ്റൻഡ് കോച്ചായി ഹാഡിൻ ചുമതലയേൽക്കും.
കഴിഞ്ഞ മാസം ഫ്രാഞ്ചൈസി ട്രെവർ ബെയ്‌ലിസിനെ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചതിന് ശേഷമാണ് ഇപ്പോൾ ഹാഡിനെയും എത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ നയിച്ച ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെയ്ക്ക് പകരക്കാരനായാണ് ലോകകപ്പ് ജേതാവായ ഓസ്‌ട്രേലിയൻ കോച്ച് എത്തുന്നത്.
കഴിഞ്ഞ സീസണിൽ കുംബ്ലെയുടെയും ക്യാപ്റ്റൻ മായങ്ക് അഗർവാളിന്റെയും നേതൃത്വത്തിൽ പഞ്ചാബ് കിംഗ്‌സ് 14 കളികളിൽ നിന്ന് വെറും ഏഴ് വിജയങ്ങളുമായി ആറാം സ്ഥാനത്താണ് 2022 ഐപിഎൽ സീസൺ പൂർത്തിയാക്കിയത്. ഇക്കാരണത്താൽ അസിസ്റ്റന്റ് കോച്ച് ജോൺടി റോഡ്‌സിനും ബൗളിംഗ് കോച്ച് ഡാമിയൻ റൈറ്റിനും ഒപ്പമുള്ള കുംബ്ലെയുടെ കരാർ പുതുക്കേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.
ഹാഡിന്റെ നിയമനം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള സപ്പോർട്ട് സ്റ്റാഫിനെ ഉടൻ പ്രഖ്യാപിക്കുമെന്നും പഞ്ചാബ് കിംഗ്സ് വെളിപ്പെടുത്തിയിട്ടുണ്ട്. 44 കാരനായ ഹാഡിൻ 2015-ൽ ഇംഗ്ലണ്ടിൽ നടന്ന ആഷസ് പരമ്പരയ്ക്കിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. തുടർന്ന് 2018-ൽ ഓസ്‌ട്രേലിയയുടെ ഫീൽഡിംഗ് കോച്ചായി നിയമിതനായ അദ്ദേഹം 2019-20-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കോച്ചിംഗ് ടീമിന്റെ ഭാഗമായിരുന്നു.






































