ടി20 ലോകകപ്പിലെ സൂപ്പര്‍ 12-ല്‍ ഇന്ത്യയുടെ ഗ്രൂപ്പിലെത്തി ഡച്ച്പട, വിൻഡീസിന്റെ ഭാവി നാളെയറിയാം
ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയുടെ ഗ്രൂപ്പിലെത്തുമോ എന്ന ചോദ്യത്തിന് ഉത്തരമായി. ഇന്നത്തെ സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ നമീബിയ യുഎഇയോട് തോറ്റതോടെ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ 12-ല്‍ എത്തിയതോടെ രണ്ടാം സ്ഥാനക്കാരായ നെതര്ലന്ഡ്സാവും പാകിസ്ഥാനെതിരായ ആദ്യ പോരാട്ടത്തിനുശേഷം സൂപ്പര്‍ 12-ല്‍ ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികളാവുക.
ഇരുപത്തി മൂന്നാം തീയതി പാകിസ്ഥാനെതിരായ മത്സരത്തിനുശേഷം 27-നാണ് ഇന്ത്യ നെതര്‍ലന്‍ഡ്സ് പോരാട്ടം. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ ഏഴ് റണ്‍സിനാണ് യുഎഇ ഇന്ന് നമീബിയയെ മറികടന്നത്. ജയിച്ചിരുന്നെങ്കില്‍ ശ്രീലങ്കയെക്കാള്‍ (+0.667) മികച്ച നെറ്റ് റണ്‍റേറ്റുള്ള (+0.730)നമീബിയ ആകുമായിരുന്നു ഗ്രൂപ്പ് ചാമ്പ്യന്മാര്.
ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന നിലക്ക് ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക ഇന്ത്യയുടെ ഗ്രൂപ്പിലെത്തുകയും ചെയ്യുമായിരുന്നു. ഇനി നാളെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലന്‍ഡ് പോരാട്ടത്തിലാണ് ഇന്ത്യയുടെ കണ്ണുകള്‍.
ഈ മത്സരം വിന്‍ഡീസ് ജയിച്ചാല്‍ നാലു പോയന്റുമായി വിന്‍ഡീസ് സൂപ്പര്‍ 12 ഉറപ്പിക്കും. എന്നാല്‍ സ്കോട്ലന്ഡ്-സിംബാബ്വെ പോരാട്ടത്തില്‍ സ്കോട്ലന്ഡോ സിംബാബ്വെയോ ആര് ജയിച്ചാലും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുക നെറ്റ് റണ്‍റേറ്റാവും.






































