നമീബിയയെ വീഴ്ത്തി യുഎഇ, സൂപ്പർ 12-ൽ ശ്രീലങ്കയ്ക്കൊപ്പം നെതർലാൻഡ്സും
ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തില്‍ നമീബിയയെ വീഴ്ത്തി യുഎഇക്ക് ആദ്യ ജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ട പോരാട്ടത്തില്‍ 7 റണ്‍സിനാണ് യുഎഇയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തപ്പോള്‍ നമീബിയക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ആദ്യ മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരെ തകർത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച നമീബിയ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പർ 12 ലേക്ക് യോഗ്യത നേടിയില്ല. അവസാന മത്സരത്തിൽ യുഎഇയോട് തോറ്റതോടെയാണ് നമീബിയയുടെ സൂപ്പർ 12 പ്രതീക്ഷകൾ അസ്തമിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങൾ വീതം ജയിച്ച ശ്രീലങ്കയും നെതർലാന്റ്സുമാണ് ഗ്രൂപ്പ് എയിൽ നിന്ന് യോഗ്യത നേടിയ ടീമുകൾ.
ഇന്ന് ആദ്യം നടന്ന ശ്രീലങ്ക -നെതൽലാന്റ്സ് മത്സരത്തിൽ 16 റൺസിന് ശ്രീലങ്ക ജയിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക കുശാൽ മെൻഡീസിന്റെ അർധസെഞ്ച്വറിയുടെ ബലത്തിൽ 162 റൺസാണ് എടുത്തത്. 163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലാന്റ്സിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ.






































