പരിക്കേറ്റ ജോഷ് ഇംഗ്ലിസ് പുറത്ത്, പകരക്കാരനായി കാമറൂണ്‍ ഗ്രീൻ ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിൽ
ട്വന്റി 20 ലോകകപ്പിലെ ആദ്യ സൂപ്പര്‍-12 പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ മാറ്റം. പരിക്കേറ്റ ജോഷ് ഇംഗ്ലിസിന് പകരം അടുത്തിടെ ഇന്ത്യക്കെതിരെ തിളങ്ങിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ടീമില്‍ ഉള്‍പ്പെടുത്തി.
ഇംഗ്ലിസ് പുറത്തായതോടെ ബാക്ക്-അപ് വിക്കറ്റ് കീപ്പറില്ലാതെയാണ് ഓസീസ് ലോകകപ്പ് കളിക്കുക. ഗോള്‍ഫിനിടെ പരിക്കേറ്റ ഇംഗ്ലിസിന് ആറിലേറെ സ്റ്റിച്ചുകളുള്ളതായാണ് റിപ്പോര്‍ട്ട്. പ്രധാന വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡിന് പരിക്കേറ്റാല്‍ പകരം ഉപയോഗിക്കാന്‍ ഓസീസിന് ഇതോടെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരില്ലായെന്നത് ആശങ്കയാണ്.
എന്നാല്‍ ഒന്നിലേറെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്മാരില്ലാതെ ഓസീസ് ലോകകപ്പിന് പോകുന്നത് ഇതാദ്യമല്ല. 2019 ഏകദിന ലോകകപ്പില്‍ അലക്സ് ക്യാരിയും 2016 ട്വന്റി 20 ലോകകപ്പില്‍ പീറ്റര്‍ നെവിലും 2015 ഏകദിന ലോകകപ്പില്‍ ബ്രാഡ് ഹാഡിനും മാത്രമായിരുന്നു വിക്കറ്റ് കീപ്പറായി സ്ക്വാഡിലുണ്ടായിരുന്നത്.






































