ശ്രീലങ്കയുടെ ധനുഷ്ക ഗുണതിലകയും പരിക്കേറ്റ് പുറത്ത്, പകരക്കാരൻ അഷെൻ ബന്ദാര
ടി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലെത്താൻ ശ്രീലങ്ക ആഞ്ഞുശ്രമിക്കുമ്പോൾ ടീമിന് മറ്റൊരു തിരിച്ചടി കൂടി. ടോപ്പ് ഓർഡർ ബാറ്റർ ധനുഷ്ക ഗുണതിലക പരിക്കേറ്റ് ടി20 ലോകകപ്പിൽ നിന്ന് പുറത്തായതായി ടീം സ്ഥിരീകരിച്ചു. നേരത്തെ ദുഷ്മന്ത ചമീരയുടെ സേവനം ടീമിന് നഷ്ടപ്പെട്ടിരുന്നു.
15 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചമീര യുഎഇക്കെതിരെ തകർപ്പൻ വിജയമാണ് ലങ്കക്ക് സമ്മാനിച്ചത്. എന്നാൽ താരത്തിന്റെ പരിക്ക് ടീമിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഹാംസ്ട്രിംഗ് ഇഞ്ചുറി കാരണം ധനുഷ്ക ഗുണതിലകയും പുറത്താവുന്നത്.
ധനുഷ്ക ഗുണതിലകയ്ക്ക് പകരം ട്രാവലിംഗ് റിസർവ് അഷെൻ ബന്ദാര ശ്രീലങ്കൻ ടീമിൽ ഇടം നേടി. ഇടത് കാലിന് പരിക്കേറ്റ ചമീരയ്ക്ക് പകരം കസുൻ രജിതയെ ലങ്ക ടീമിലെത്തിച്ചു. രജിത ഇപ്പോൾ ശ്രീലങ്കയിലാണ്, എത്രയും വേഗം ഓസ്ട്രേലിയയിൽ ടീമിനൊപ്പം ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജൂണിൽ ശ്രീലങ്കയുടെ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് രജിതയെ എടുത്തിരുന്നെങ്കിലും താരത്തിന് അന്നു കളിക്കാനിയിരുന്നില്ല. എന്നാൽ ഈ വർഷം ജൂലൈയിൽ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരം അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.






































