യുഎഇയെ തകർത്ത് സൂപ്പര്‍ 12 പ്രതീക്ഷകള്‍ സജീവമാക്കി ശ്രീലങ്ക
ടി20 ലോകകപ്പ് പ്രാഥമിക ഗ്രൂപ്പ് മത്സരത്തില്‍ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് വിജയം. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ യുഎഇയെ 79 റണ്‍സിന് തകര്‍ത്ത ശ്രീലങ്ക സൂപ്പര്‍ 12 പ്രതീക്ഷ സജീവമാക്കി. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ശ്രീലങ്ക ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
ശ്രീലങ്ക ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുഎഇ. 17.1 ഓവറില്‍ വെറും 73 റണ്‍സിന് പുറത്തായി. ഈ തോല്‍വിയോടെ യുഎഇയുടെ സൂപ്പര്‍ 12 പ്രതീക്ഷകള്‍ ഏകദേശം അവസാനിച്ചു. അവസാന വിക്കറ്റില്‍ 17 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജുനൈദ് സിദ്ദിഖ് സഹൂര്‍ ഖാന്‍ സഖ്യമാണ് ടീമിന്റെ തോല്‍വിഭാരം കുറച്ചത്.
ശ്രീലങ്കക്ക് സൂപ്പര്‍ 12 പ്രതീക്ഷ നിലനിര്‍ത്താന്‍ യുഎഇക്കെതിരെ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ബാറ്റിംഗില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരുടെ നിലവാരത്തിലേക്ക് ഉയരാന്‍ ലങ്കക്കായില്ല. ദുര്‍ബലരായ എതിരാളികളായിരുന്നിട്ടും ലങ്കക്ക് 20 ഓവറില്‍ 152 റണ്‍സെ നേടാനായുള്ളൂവെന്നത് തലവേദനയാണ്. എന്നാല്‍ ബാറ്റിംഗിലെ പോരായ്മ ബൗളിംഗില്‍ പരിഹരിച്ചാണ് ലങ്ക വമ്പന്‍ ജയത്തിലെത്തിയത്. 14 റണ്‍സെടുത്ത ഓപ്പണര്‍ ചിരാഗ് സൂരിയും 19 റണ്‍സെടുത്ത അയാന്‍ അഫ്സല്‍ ഖാനും 18 റണ്‍സെടുത്ത ജുനൈദ് സിദ്ദിഖിയും മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നുള്ളു.






































