ഓസ്ട്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി പാറ്റ് കമ്മിന്‍സ്
ഓസ്ട്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി പാറ്റ് കമ്മിന്‍സിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഏകദിന ക്രിക്കറ്റില്‍ നിന്നും നിലവിലെ നായകൻ ആരോണ്‍ ഫിഞ്ച് വിരമിച്ചതിനെ തുടര്‍ന്നാണ് ഓസീസ് പുതിയ കപ്പിത്താനെ തേടിയത്.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കമ്മിന്‍സ് ആയിരിക്കും ഓസീസിനെ നയിക്കുക. നിലവില്‍ ഓസീസ് ടെസ്റ്റ് ടീമിന്റെ നായകനായിരുന്നു കമ്മിന്‍സ്. ഫിഞ്ചിന് കീഴില്‍ കളിച്ചത് വളരെ ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും കമ്മിന്‍സ് പ്രതികരിച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം ഡേവിഡ് വാർണർ നായകനായേക്കുമെന്ന അഭ്യൂങ്ങൾക്കിടയിലാണ് കമ്മിൻസിനെ നായകനാക്കിയതെന്നതും ശ്രദ്ധേയമായി. ഏകദിന ക്രിക്കറ്റില്‍ നിന്ന് ഫിഞ്ച് വിരമിച്ച പശ്ചാത്തലത്തില്‍ മുന്‍ നായകനും പന്ത് ചുരണ്ടല്വിവാദത്തില് വാർണറിന്റെ പങ്കാളിയായിരുന്ന സ്റ്റീവന്‍ സ്മിത്തിനെയും നായകനാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ടെസ്റ്റ് ടീമിന്റെ നായകനെന്ന നിലയില്‍ കമ്മിന്‍സിന്റെ പ്രകടനം വളരെ മികച്ചതാണ്. ടീമിനെ നയിക്കാനുള്ള പക്വതയും പ്രാപ്തിയും അവന് ധാരാളമുണ്ട്. ഓസീസ് ചീഫ് സെലക്ടറും മുന്‍ നായകനുമായ ജോര്‍ജ് ബെയ്ലി അഭിപ്രായപ്പെട്ടു.






































