എൻഒസി നൽകിയില്ല, അസം ഖാന് ഇന്റർനാഷണൽ ലീഗ് ടി20 ടൂർണമെന്റിൽ പങ്കെടുക്കാനാവില്ല
ഇന്റർനാഷണൽ ലീഗ് ടി20 ടൂർണമെന്റിൽ പങ്കെടുക്കാൻ അസം ഖാൻ നൽകിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നിരസിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. യുഎഇയുടെ ഉദ്ഘാടന ഐഎൽടി20 ലീഗിൽ പങ്കെടുത്ത ഒരേയൊരു പാക് താരം കൂടിയാണ് അസം ഖാൻ.
ലീഗിലെ ഏക ഇന്ത്യൻ ഉടമസ്ഥതയില്ലാത്ത ടീമായ ഡെസേർട്ട് വൈപ്പേഴ്‌സിനായാണ് താരം കളിക്കുന്നത്. 24 കാരനായ വിക്കറ്റ് കീപ്പർ-ബാറ്ററിന് അടുത്ത വർഷം ആദ്യം ആരംഭിക്കുന്ന ലീഗിൽ മത്സരിക്കുന്നതിനുള്ള എൻഒസി ലഭിക്കാത്തതിനാൽ വരാനിരിക്കുന്ന പതിപ്പിൽ കളിക്കാനായേക്കില്ല.
പാകിസ്ഥാൻ കളിക്കാർക്ക് എൻഒസി നൽകില്ലെന്ന് ദുബായ് ലീഗിന്റെ സംഘാടകരെ അറിയിച്ചിട്ടുണ്ടെന്ന് പിസിബിയിലെ ഒരു ഉദ്യോഗസ്ഥൻ വാർത്ത സ്ഥിരീകരിച്ചു. അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കാനിരിക്കുന്ന ILT20 അല്ലെങ്കിൽ ദക്ഷിണാഫ്രിക്കയുടെ ഉദ്ഘാടന SA20 ലീഗിൽ പങ്കെടുക്കുന്നതിൽ നിന്ന് പിസിബി തങ്ങളുടെ കളിക്കാരെ വിലക്കിയതായി നേരത്തെ പറഞ്ഞിരുന്നു.
രണ്ട് ടൂർണമെന്റുകളിലെയും 12 ടീം ഉടമകളിൽ 11 പേരും ഇന്ത്യക്കാരാണെന്നതായിരിക്കാം വിലക്കിന് കാരണമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിരോധം കാരണം ഇന്ത്യയിലെ ഉടമകൾ പാകിസ്ഥാനിൽ നിന്നുള്ള കളിക്കാരെ അനുകൂലിക്കുന്നില്ലെന്നും പിസിബി വൃത്തങ്ങൾ സൂചന നൽകി.






































