ടി20 ലോകകപ്പ് പൂരത്തിന് നാളെ തുടക്കം; ആദ്യ മത്സരം ശ്രീലങ്കയും നമീബിയയും തമ്മിൽ
ടി20 ലോകകപ്പ് പൂരത്തിന് നാളെ കൊടികയറും. ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് ആദ്യം നടക്കുക. ഗീലോങ്ങില്‍ നാളെ ശ്രീലങ്ക-നമീബിയ പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. ഇന്ത്യയടക്കം എട്ട് ടീമുകൾ നേരത്തെ തന്നെ സൂപ്പർ 12-ൽ ഇടംപിടിച്ചുകഴിഞ്ഞു.
എട്ട് ടീമുകൾ സൂപ്പർ12ലെ ബാക്കിയുള്ള നാല് സ്ഥാനങ്ങൾക്കായി മാറ്റുരയ്ക്കും. രണ്ട് വട്ടം കിരീടമുയർത്തിയ വെസ്റ്റ് ഇൻഡീസും മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയും ഇത്തവണ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കണം. നാളെ രാവിലെ 9.30ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്ക് നമീബിയയാണ് എതിരാളികൾ.
വെസ്റ്റ് ഇൻഡീസ് ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനെ നേരിടും. യുഎഇ, നെതർലൻഡ്സ്, സിംബാബ്വെ, അയർലൻഡ്, ടീമുകളും സൂപ്പർ-12 ലക്ഷ്യമിട്ടിറങ്ങും. ഈ മാസം 22ന് ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ തമ്മിലാണ് സൂപ്പർ-12ലെ ആദ്യ മത്സരം. രണ്ടാം കിരീടം തേടിയിറങ്ങുന്ന ഇന്ത്യയും പാകിസ്ഥാനും ഒക്ടോബർ 23ന് വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടും.






































