സർപ്രൈസ് ഒന്നുമില്ല, ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് പരിക്കുമൂലം പുറത്തായ പേസര്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. നേരത്തെ ലോകകപ്പിനുള്ള സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഷമിയാണ് ബുമ്രയുടെ പകരക്കാരന്.
ബുംറയുടെ പകരക്കാരനായി ഷമി എത്തുമ്പോള്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയില്‍ ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജും ശാര്‍ദൂല്‍ ഠാക്കൂറും റിസര്‍വ് താരങ്ങളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഷമി ഉടന്‍ തന്നെ ടീമിനൊപ്പം ചേര്‍ന്ന് സന്നാഹ മത്സരങ്ങളില്‍ പങ്കെടുക്കും. ലോകകപ്പില്‍ ബുംറയില്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്.
ടി20 ലോകകപ്പില്‍ പങ്കെടുക്കാനായി ഈ മാസം ആറിന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പോകും മുമ്പെ ബുമ്ര പരിക്കേറ്റ് പുറത്തായിരുന്നെങ്കിലും പകരക്കാരനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നില്ല. ബുമ്രയുടെ പകരക്കാരന് സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച ഷമി ഫിറ്റ്നെസ് ടെസ്റ്റ് പൂര്‍ത്തിയാകാതിരുന്നതായിരുന്നു പ്രഖ്യാപനം വൈകിപ്പിക്കാന്‍ കാരണമായത്.






































