ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ പരാജയം; മറുപടിയുമായി ഗാംഗുലി
ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ പരാജയമാണെന്ന എന്‍ ശ്രീനിവാസന്റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി സൗരവ് ഗാംഗുലി. കളിക്കാരുടെ ഭരണാധികാരിയായിരുന്നു താനെന്നും തന്റെ കാലയളവിലും നിരവധി നല്ലകാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു .കൊവിഡ് പ്രതിസന്ധിയിലും ഐപിഎല്‍ നടത്തിയതും ഐപിഎല്‍ സംപ്രേഷണാവകാശം റെക്കോര്‍ഡ് തുകക്ക് വിറ്റതും അണ്ടര്‍ 19 ടീം ലോകകപ്പ് നേടിയതും വനിതാ ടീം ലോകകപ്പില്‍ റണ്ണറപ്പുകളായതും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയതും ഓസ്ട്രേലിയയില്‍ ഇന്ത്യ പരമ്പര ജയിച്ചതും വനിതാ ഐപിഎല്ലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതുമെല്ലാം തന്റെ കാലത്തായിരുന്നുവെന്നാണ് മുൻ ഇന്ത്യൻ നായകന്റെ മറുപടി.
ഒരു സ്വാകാര്യ ചടങ്ങിനായി കൊല്‍ക്കത്തയില്‍ എത്തിയപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ക്രിക്കറ്റ് ഭരണാധികാരി എന്ന നിലയില്‍ ടീമിനായി ഒരുപാട് സംഭാവനകള്‍ നല്കാന് കഴിഞ്ഞു. കളിക്കാരനെന്ന നിലയില്‍ ഒരുപാട് കാലം കളിച്ചിട്ടുള്ള എനിക്ക് അക്കാര്യം മനസിലാവും. അതുകൊണ്ടുതന്നെ പ്രസിഡന്റ് സ്ഥാനത്തിരുന്ന കാലയളവ് ഞാന്‍ ആസ്വദിച്ചിരുന്നുവെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
2019ലാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായത്. എന്‍ ശ്രീനിവാസന്റെ നോമിനിയായിരുന്ന ബ്രിജേഷ് പട്ടേലിനെ അവസാന നിമിഷത്തെ നാടകീയ നീക്കത്തിലൂടെ മറികടന്നായിരുന്നു ഇത്. എന്നാല്‍ അന്ന് നേരിട്ട നാണക്കേടിന് പകരം ചോദിക്കാനായാണ് ശ്രീനിവാസന് ഇത്തവണ ഗാംഗുലിയെ പുകച്ചു പുറത്തു ചാടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.






































