രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി, ബാറ്റിംഗിനിറങ്ങാതെ കോലി, രോഹിത്, യാദവ്
ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. വെസ്റ്റേണ്‍ ഓസ്ട്രേലിയയാണ് ഇന്ത്യയെ കീഴടക്കിയത്. 36 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. വെസ്റ്റേണ്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ടി20 ലോകകപ്പിന് മുന്നോടായി ഇന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ രണ്ടാം സന്നാഹ മത്സരത്തിനിറങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മന് നായകന് വിരാട് കോലിയും സൂര്യകുമാര്‍ യാദവും ബാറ്റിംഗിന് ഇറങ്ങിയില്ല.
പ്ലേയിംഗ് ഇലവനില്‍ രോഹിത്തിന്റെ പേരുണ്ടായിരുന്നെങ്കിലും ഓപ്പണര്‍ സ്ഥാനത്ത് കെ എല്‍ രാഹുലിനൊപ്പം ഇറങ്ങിയത് റിഷഭ് പന്തായിരുന്നു. 11 പന്ത് നേരിട്ട റിഷഭ് പന്ത് ഒരു സിക്സ് പറത്തിയെങ്കിലും 9 റണ്‍സുമായി നിരാശപ്പെടുത്തി. വണ്‍ ഡൗണായി എത്തിയ ദീപക് ഹൂഡ ഒമ്പത് പന്ത് നേരിട്ടെങ്കിലം ഒരു ബൗണ്ടറി സഹിതം ആറ് റണ്‍സുമായി ക്രീസ് വിട്ടു.
വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ സന്നാഹമത്സരത്തില്‍ ഇന്ത്യ 13 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു.






































