ഫിറ്റ്നെസ് ടെസ്റ്റ് പാസായി ഷമി, ബുറയുടെ പകരക്കാരനെ പ്രഖ്യാപിക്കാതെ ബിസിസിഐ
ടി20 ലോകകപ്പിൽ ജസ്പ്രീത് ബുംറയുടെ പകരക്കാരനാവാന്‍ മത്സരം മുറുകുന്നതിനിടയിൽ ഫിറ്റ്നെസ് ടെസ്റ്റ് പാസായി പേസ് ബോളർ മുഹമ്മദ് ഷമി. ഈ മാസം ആറിന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പോകും മുമ്പെ ബുമ്ര പരിക്കേറ്റ് പുറത്തായിരുന്നെങ്കിലും പകരക്കാരനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നില്ല. ബുമ്രയുടെ പകരക്കാരന് സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച മുഹമ്മദ് ഷമി ഫിറ്റ്നെസ് ടെസ്റ്റ് പൂര്‍ത്തിയാകാതിരുന്നതും പ്രഖ്യാപനം വൈകിപ്പിക്കാന്‍ കാരണമായി.
ഷമിയുടെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ സിറാജിനെ ബുംറയുടെ പകരക്കാരനായി ടീമിലെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഷമി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നെസ് ടെസ്റ്റ് പാസായിരിക്കുന്നത്. ഇതോടെ ബുംറയുടെ പകരക്കാരനാവാനുള്ള മത്സരം ഇപ്പോൾ സിറാജും ഷമിയും തമ്മിലായി.
പരിക്കേറ്റ താരങ്ങളുടെ പകരക്കാരെ പ്രഖ്യാപിക്കാന്‍ ഐസിസി അനുവദിച്ച സമയപരിധി കഴിഞ്ഞെങ്കിലും പ്രത്യേക അനുമതി വാങ്ങി 15നകം പകരക്കാരനെ പ്രഖ്യാപിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ലോകകപ്പ് ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും ഷമിയും സിറാജും ഓസ്ട്രേലിയയിലേക്ക് പോകും. ഷമിയെ നേരത്തെ ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരമായും സിറാജിനെ റിസര്‍വ് താരമായും തെരഞ്ഞെടുത്തിട്ടുണ്ട്.






































