ഉമ്രാന് മാലിക്കിനെ ടീമിലെടുക്കാൻ എന്തിന് മടികാണിക്കുന്നുവെന്ന് ബ്രെറ്റ് ലീ
ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ബ്രെറ്റ് ലീ. പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ ജസ്പ്രീത്ര ബുംറക്ക് പകരക്കാരനായി പേസര്‍ ഉമ്രാന് മാലിക്കിനെ ടീമിലെടുക്കാതിരുന്ന നടപടിയാണ് താരത്തിനെ നിരാശനാക്കുന്നത്.
ഉമ്രാന് 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തറിയുന്ന ബൗളറാണ്. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ കൈയിലുണ്ടായിട്ടും അത് ഗരാജിലിട്ടിരിക്കുകയാണെന്നാണ് ലീയുടെ വിമർശനം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസ് പ്രകടനത്തോടെ ബുംറയുടെ പകരക്കാരന് സ്ഥാനത്തേക്ക് മുഹമ്മദ് സിറാജ് ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും തന്റെ ചോയ്സ് ഉമ്രാന് മാലിക് ആണെന്ന് ബ്രെറ്റ് ലീ പറഞ്ഞു.
മൂളിപ്പറക്കുന്ന ഓസീസ് പിച്ചുകളിലേക്ക് അവനെ ഇറക്കിവിടൂ. 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ബൗളര്‍ കൂടെയുള്ളതും 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ബൗളര്‍ കൂടെയുള്ളതും ഓസ്ട്രേലിയന്‍ പിച്ചുകളില്‍ വലിയ വ്യത്യാസമാണുണ്ടാക്കുകയെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.






































