Cricket Cricket-International Top News

ദീപക് ചാഹറിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്

October 12, 2022

author:

ദീപക് ചാഹറിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്

പരിക്ക് കാരണം ട്വന്റി 20 ലോകകപ്പിന്റെ സ്റ്റാന്‍ഡ് ബൈ പട്ടികയിലുണ്ടായിരുന്ന ദീപക് ചാഹറിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. പുറംഭാഗത്തേറ്റ പരിക്കാണ് ചാഹറിനെ വലച്ചത്. പരിക്കേറ്റ ജസ്പ്രീത് ബുംറ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ചാഹര്‍ ടീമില്‍ ഇടംപിടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്.

മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദ്ദുൽ ഠാക്കൂർ എന്നിവരാണ് ഓസ്ട്രേലിയയിലെത്തുക. ഇവരില്‍ ആരാകും പ്രധാന സ്‌ക്വാഡില്‍ ബുംറയുടെ പകരക്കാരനാവുക എന്ന ആകാംക്ഷ ഇപ്പോൾ ഇരട്ടിച്ചിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരന്‍ ആരാകുമെന്ന് ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. കൊവിഡിൽ നിന്ന് മുക്തനായ മുഹമ്മദ് ഷമിക്കാണ് കൂടുതൽ സാധ്യതയെങ്കിലും ജൂലൈക്ക് ശേഷം താരം ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ലെന്നത് ആശങ്കയാണ്.

ബുംറയുടെ പകരക്കാരനെ പ്രഖ്യാപിക്കാന്‍ ഒക്ടോബര്‍ 15 വരെ സമയമുള്ളതിനാല്‍ മൂന്ന് പേസര്‍മാരുടെയും ഫോമും ഫിറ്റ്‌നസും പരിശോധിക്കാന്‍ ടീം മാനേജ്‌മെന്റിന് സമയമുണ്ട്. നേരത്തെ പരിക്കിനെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ചാഹര്‍ ടീമിലേക്ക് തിരികെയെത്തിയിരുന്നത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ഏകദിന പരമ്പരയില്‍ താരം കളിച്ചിരുന്നില്ല.

Leave a comment