നാണക്കേടിന്റെ റെക്കോര്‍ഡുമായി ദക്ഷിണാഫ്രിക്ക
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 100 റണ്‍സിനുള്ളില്‍ ഓള് ഔട്ടായ ദക്ഷിണാഫ്രിക്കക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോറും ഇന്ത്യക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറുമാണിത്.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്കെതിരെ പ്രോട്ടീസ് 100 റണ്‍സില്‍ താഴെ ഓള്‍ഔട്ടാവുന്നത്. 1993ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നേടിയ 69 റണ്‍സാണ് ഏകദിന ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്കോര്‍. 2008-ല്‍ ഇംഗ്ലണ്ടിനെതിരെ 83, 2022-ല്‍ ഇംഗ്ലണ്ടിനെതിരെ 83 എന്നിങ്ങനെയാണ് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ സ്കോറുകള്‍.
ഇന്ത്യക്കെതിരെ ഏറ്റവും കുറഞ്ഞ ഏകദിന ടോട്ടല്‍ കുറിച്ച ദക്ഷിണാഫ്രിക്ക 28 ഓവറില്‍ ഓള് ഔട്ടായി. ഇന്ത്യന്‍ സ്പിന്‍ ത്രയമായ വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും ഷഹബാസ് അഹമ്മദും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പേസര്‍ മുഹമ്മദ് സിറാജിനാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റ്.






































