അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാവും
ലോകകപ്പ് ആവേശത്തിന് കിക്കോഫ്. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാവും. ഉദ്ഘാടനമത്സരത്തില്‍ ഗ്രൂപ്പ് എയില്‍ കരുത്തരായ ബ്രസീല്‍ ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയെ നേരിടും. വൈകീട്ട് 4.30-നാണ് മത്സരം.
ആതിഥേയരായ ഇന്ത്യ രാത്രി എട്ടിന് വമ്പന്മാരായ യുഎസുമായി ഏറ്റുമുട്ടും. കരുത്തരായ യുഎസും ബ്രസീലും കളിക്കുന്ന ഗ്രൂപ്പില്‍നിന്ന് നോക്കൗട്ട് റൗണ്ടിലേക്കുള്ള യോഗ്യത ഇന്ത്യക്ക് ശ്രമകരമാകും. എന്നാല്‍, മികച്ച പ്രകടനമാണ് തോമസ് ഡെന്നര്‍ബിയുടെ കുട്ടികള്‍ ലക്ഷ്യമിടുന്നത്.
യോഗ്യതാറൗണ്ടില്‍ തോല്‍ക്കാത്ത ടീമുകളാണ് ബ്രസീലും യുഎസും. തെക്കേ അമേരിക്കന്‍ ചാമ്പ്യന്മാരാണ് ബ്രസീല്‍. അതേസമയം മറുവശത്ത് യുഎസ് കോണ്കകാഫില്നിന്ന് ജേതാക്കളായിട്ടാണ് വരുന്നത്. വനിതാ ഫുട്ബോളില്‍ കരുത്തരാണ് യു.എസ്. അവരുടെ കൗമാരപ്പടയും മികച്ചതാണ്. യോഗ്യതാ റൗണ്ടില്‍ എട്ട് ഗോള്‍ വീതം നേടിയ മെലിന റിബിംബാസ്, അമേലിയ വില്ലാറീല്, ആറ് ഗോള്‍ വീതം നേടിയ ക്ലയര്‍ ഹൂട്ടണ്, ഷാര്‍ലോറ്റ് കോഹ്ലര്, അഞ്ച് ഗോള്‍ വീതം നേടിയ ഒന്യാക ഗമേറോ, നിക്കോലെറ്റ് കിയോര്പെസ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.






































