ഒരേസമയം അഞ്ച് ടീമുകളെ കളത്തിലിറക്കാനുള്ള പ്രതിഭകൾ ഇന്ത്യക്കുണ്ടെന്ന് കേശവ് മഹാരാജ്
ഒന്നും രണ്ടുമല്ല ഒരേസമയം അഞ്ച് ടീമുകളെ കളത്തിലിറക്കാനുള്ള പ്രതിഭകൾ ഇന്ത്യക്കുണ്ടെന്ന് പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജ്. ഏകദിന പരമ്പരയില്‍ കളിക്കുന്നത് ഇന്ത്യയുടെ രണ്ടാം നിരയാണെന്ന് പറയാനാവില്ലെന്നും ഒരേസമയം അഞ്ച് മുന്‍നിര ടീമുകളെ കളത്തിലിറക്കാനുള്ള പ്രതിഭാ സമ്പത്ത് ഇന്ത്യക്കുണ്ടെന്നും രണ്ടാം ഏകദിനത്തിന് മുന്നോടിയായുള്ള വര്‍ത്താ സമ്മേളനത്തിലാണ് പ്രോട്ടീസ് താരം വ്യക്തമാക്കിയത്.
ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലുമെല്ലാം പയറ്റിത്തെളിഞ്ഞവരാണ് ഇന്ത്യന്‍ ടീമിലുള്ളത്. ലോകോത്തര നിലവാരമുള്ള കളിക്കാരും അവരിലുണ്ട്. ഇന്ത്യയെപ്പോലെ കരുത്തുറ്റ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് എല്ലായ്പ്പോഴും സന്തോഷകരമായ കാര്യമാണ്. കാരണം, ഇന്ത്യയെപ്പോലുള്ള ടീമുകളെ നേരിടാന്‍ വലിയ മുന്നൊരുക്കം വേണം. കാരണം, അവര്‍ക്ക് കരുത്തുറ്റ ബാറ്റിംഗ് നിരയുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് പറഞ്ഞു.
എം എസ് ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചിയിലാണ് രണ്ടാം ഏകദിന മത്സരമെന്നതിനാല്‍ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞാല്‍ സന്തോഷമായേനെ എന്നും മഹാരാജ് വ്യക്തമാക്കി. റാഞ്ചിയില്‍ നിടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഒമ്പത് റണ്‍സിന് ജയിച്ചിരുന്നു.






































