ക്ലാസായി സഞ്ജു, പാസാവാതെ ഇന്ത്യ; ആദ്യ ഏകദിനം ദക്ഷിണാഫ്രിക്കക്ക് സ്വന്തം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. അവസാനം വരെ സഞ്ജു സാംസണ് (63 പന്തില്‍ 86) പൊരുതിയെങ്കിലും ഇന്ത്യക്ക് ജയം കൈയെത്തിപിടിക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 250 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡേവിഡ് മില്ലര്‍ (75*), ഹെന്റിച്ച് ക്ലാസന് (74) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുക്കാനാണ് സാധിച്ചത്. മോശം കാലാവസ്ഥ കാരണം മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു.
250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്‍ (3) മടങ്ങി. പിന്നാലെ ശിഖര്‍ ധവാനും (4) പുറത്തായി. മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഋതുരാജ് ഗെയ്ക്വാദിനും ഇഷാന് കിഷനും പക്ഷേ ആവശ്യമായ റണ്‍റേറ്റില്‍ സ്കോര്‍ ഉയര്‍ത്താനായില്ല.
അരങ്ങേറ്റ ഏകദിനം കളിച്ച ഗെയ്ക്വാദിന് 42 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം നേടാനായത് 19 റണ്‍സ് മാത്രം. 37 പന്തില്‍ നിന്ന് 20 റണ്‍സ് മാത്രമെടുത്ത ഇഷാന് കിഷന് 18-ാം ഓവറില്‍ മടങ്ങിയതോടെ ഇന്ത്യ നാലിന് 51 റണ്‍സെന്ന നിലയിലായി. തുടര്‍ന്ന് ശ്രേയസ് അയ്യരും സഞ്ജുവും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചിരുന്നു.
37 പന്തില്‍ നിന്ന് 50 റണ്‍സടിച്ച ശ്രേയസ് അയ്യരും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. 63 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒമ്പത് ഫോറുമടക്കം 86 റണ്‍സോടെ പുറത്താകാതെ നിന്ന സഞ്ജു ആരാധകരുടെ മനസ് നിറച്ചാണ് മത്സരം അവസാനിപ്പിച്ചത്. ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1-0).






































