ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം മഴമൂലം വൈകുന്നു
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം മഴമൂലം വൈകുന്നു. ഒരു മണിക്ക് ഇടേണ്ടിയിരുന്ന ടോസ് 1.30 വരെ വൈകിപ്പിച്ചെങ്കിലും ഇതുവരെ ഇരു ക്യാപ്റ്റന്മാര്ക്കും മൈതാനത്തിറങ്ങാനായിട്ടില്ല. ടോസ് ഇടുന്നതിന് മിനുറ്റുകള്‍ മുമ്പ് വീണ്ടും മഴയെത്തിയതാണ് തിരിച്ചടിയായത്.
മഴ കാരണം ഇപ്പോഴും പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഇനിയും ലഖ്നൗവില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ മത്സരത്തിലെ ഓവറുകള്‍ വെട്ടിച്ചുരുക്കിയേക്കാം. കനത്ത മഴ ആശങ്കകള്‍ക്കിടെയാണ് ഇന്ന് ലഖ്നൗവില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം നടക്കുന്നത്. ലഖ്നൗവില്‍ രണ്ട് ദിവസമായുള്ള മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ പ്രവചനങ്ങളുണ്ടായിരുന്നു.
ഇന്ന് വൈകിട്ട് ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്നലെ മുഴുവന്‍ സമയവും സ്റ്റേഡിയത്തിലെ പിച്ച് മൂടിയിരിക്കുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ നായകത്വത്തിലുള്ള സീനിയര്‍ ടീം ട്വന്റി 20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പറന്നതിനാല്‍ മുതിര്‍ന്ന ഓപ്പണര്‍ ശിഖര്‍ ധവാന്റെ ക്യാപറ്റന്‍സിയിലാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിന പരമ്പര കളിക്കുന്നത്.






































