അടിക്ക് തിരിച്ചടിയുമായി മില്ലറും ഡികോക്കും, പക്ഷേ ജയം ഇന്ത്യക്ക് തന്നെ! ഒപ്പം പരമ്പരയും
ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ അടിക്ക് തിരിച്ചടിയുമായി ദക്ഷിണാഫ്രിക്കയും കളംനിറഞ്ഞതോടെ ഗുവാഹത്തി ക്രിക്കറ്റ് പ്രേമികൾക്ക് ദൃശ്യവിരുന്ന്. രണ്ടാം ടി20 പതിനാറ് റണ്‍സിന് വിജയിച്ച് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഒരു മത്സരം ശേഷിക്കേയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്.
ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയർത്തിയ 237 റണ്‍സ് പിന്തുടര്‍ന്ന പ്രോട്ടീസിന് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ് മില്ലര്‍ സെഞ്ചുറിയും, ക്വിന്റണ്‍ ഡികോക്ക് അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. വലിയ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മോശമായിരുന്നു. 47 റൺസിനിടെ മൂന്നു വിക്കറ്റ് വീണപ്പോൾ സന്ദർശർ ചുരുങ്ങിയ സ്കോറിൽ വീഴുമെന്ന് ഏവരും പ്രതീക്ഷിച്ചു.
എന്നാൽ അവിടെ നിന്നാണ് ടീമിനെ ഡേവിഡ് മില്ലറും ക്വിന്റൺ ഡി കോക്കും ദക്ഷിണാഫ്രിക്കയെ അതിമനോഹരമായൊരു ചേസിംഗിലേക്ക് നയിച്ചത്. ഇരുവരും ക്രീസില്‍ നില്‍ക്കേ 13 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 110/3 എന്ന നിലയിലായിരുന്നു പ്രോട്ടീസ്. തകര്‍ത്തടിച്ച മില്ലര്‍ 25 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയതോടെ പ്രോട്ടീസ് പ്രതീക്ഷയിലായി. പിന്നാലെ അക്സറിനെ പൊരിച്ച് ഡികോക്കും ട്രാക്കിലായി.
58 പന്തില്‍ ഇരുവരും 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഡിക്കോക്കും ഫിഫ്റ്റി കണ്ടെത്തി. എങ്കിലും 238 എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് പ്രോട്ടീസ് എത്തിയില്ല. 46 പന്തില്‍ സെഞ്ചുറി തികച്ച മില്ലറുടെ പോരാട്ടം പാഴായി പോവുകയായിരുന്നു. മില്ലര്‍ 47 പന്തില്‍ 106 റൺസും ഡികോക്ക് 48 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും കൈയെത്തും ദൂരത്ത് വിജയം നഷ്ടപ്പെട്ടു.
ക്യാപ്റ്റന്‍ തെംബാ ബാവുമ (0), റിലീ റൂസ്സോ (0), ഏയ്ഡന്‍ മാര്‍ക്രം (33) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 24 റണ്‍സ് മാത്രം വഴങ്ങിയ ദീപക് ചാഹറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും അർഷ്ദീപ് സിംഗ് നാലോവറിൽ 62 റൺസാണ് വഴങ്ങിയത്.






































