ടി20 ലോകകപ്പിൽ ഇന്ത്യ വെല്ലുവിളിയാവില്ല, ഫേവറൈറ്റസ് ഓസീസ് തന്നെയെന്ന് വാട്സൺ
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ വെല്ലുവിളിയാവില്ലെന്ന പ്രവചവുമായി ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ന് വാട്സൺ. ജസ്പ്രിത് ബുമ്ര ഇല്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് വാട്സണ് പറയുന്നത്.
ലോകോത്തര ബൗളറാണ് ബുമ്ര. ആക്രമണോത്സുകതയോടെ കളിക്കാനും സ്കോര്‍ പ്രതിരോധിക്കുന്നതിലും മികവുള്ള അപൂര്‍വം ചില ബൗളര്‍മാരില്‍ ഒരാള്‍. അദ്ദേഹത്തിന് ലോകകപ്പില്‍ കളിക്കാനായില്ലെങ്കില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. വലിയ നഷ്ടം തന്നെയായിരിക്കുമതെന്ന് വാട്സണ് പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം ഓസ്ട്രേലിയയാണ് ഫേവറൈറ്റസ്. നാട്ടിലെ സാഹചര്യങ്ങളും അനുകൂലം. മറ്റാരേക്കാളും ഓസ്ട്രേലിയയിലെ സാഹചര്യം അവര്‍ക്കറിയാം. വലിയ ഗ്രൗണ്ടുകള്‍, പേസും ബൗണ്‍സും നിറിഞ്ഞ വിക്കറ്റുകള്‍. എല്ലാം ഓസീസിന് അനുകൂലമാണെന്നും വാട്സണ് അഭിപ്രായപ്പെട്ടു.
ഈ മാസം 16നാണ് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്. എ ഗ്രൂപ്പില്‍ നമീബിയ, നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക, യുഎഇ എന്നീ ടീമുകളാണ് കളിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡ്, സ്കോട്ലന്ഡ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ ടീമുകളും കളിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകല്‍ വീതം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും.






































