ഗാല്ലഹെറിൻ്റെ വെടിക്കെട്ട് ഗോളിൽ ക്രിസ്റ്റൽ പാലസ് കീഴടക്കി ചെൽസി.!
പ്രീമിയർ ലീഗിലെ ഏഴാം റൗണ്ട് പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ചെൽസി. ക്രിസ്റ്റൽ പാലസിൻ്റെ സ്വന്തം മൈതാനമായ സെലർസ്റ്റ് പാർക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരാണ് ആദ്യം ലീഡ് എടുത്തത്. പാലസിൻ്റെ ഫോർവേർഡ് താരമായ അയൂവിൻ്റെ ക്രോസിൽ നിന്നും ഫ്രഞ്ച് അന്താരാഷ്ട്ര താരം ഒഡ്സൊണ്ണെ എഡ്വേർഡ് ആണ് പാലസിനായി ഗോൾ നേടിയത്. ഇതിന് മറുപടി ആയിക്കൊണ്ട് 38 ആം മിനിറ്റിൽ ചെൽസി ഗോൾ മടക്കി. സ്വന്തം പകുതിയിൽ നിന്നും നീട്ടി നൽകിയ ലോങ്ങ്ബോൾ ഒരു ഹെഡർ പാസിലൂടെ തിയാഗോ സിൽവ ഒബാമയങ്ങിനു മറിച്ചുനൽകി. ഒന്നു ടേൺ ചെയ്തുകൊണ്ട് ഒരു തകർപ്പൻ ഫിനിഷിലൂടെ പന്ത് വലയിലേക്ക് എത്തിക്കാൻ ഒബയ്ക്കായി.
1-1 എന്ന സ്കോറിന് ആദ്യ പകുതി അവസാനിച്ചു. ഇരു ടീമുകളും നന്നായി ആക്രമിച്ചാണ് കളിച്ചതെങ്കിലും കൂടുതൽ ഗോളുകൾ മാത്രം പിറന്നില്ല. ഗോൾ മുഖത്ത് ഇരുടീമുകളുടെയും കാവൽഭടന്മാർ മികച്ചു നിന്നു. അങ്ങനെ ഒരു സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തെ ഞൊടിയിടകൾ കൊണ്ട് കോണർ ഗാല്ലഹർ മാറ്റിമറിച്ചു. 90 ആം മിനിറ്റിൽ പന്തുമായി മുന്നേറിയ ക്രിസ്റ്റ്യൻ പുലിസിച്ചിൻ്റെ പക്കൽ നിന്നും പാസ്സ് സ്വീകരിച്ച ഗാല്ലഹർ ഒരു പാലസ് ഡിഫൻഡറെയും വെട്ടിയൊഴിഞ്ഞ് ബോക്സിന് വെളിയിൽ നിന്നും ഒരു തകർപ്പൻ ഷൂട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ആരാധകരുടെ കണ്ണഞ്ചിപ്പിക്കുന്ന ഒരു അടിപൊളി ഗോൾ തന്നെയായിരുന്നു അത്. അതോടെ 2-1 എന്ന സ്കോറിന് ചെൽസി ക്രിസ്റ്റൽ പാലസിൻ്റെ പക്കൽ നിന്നും വിജയം പിടിച്ചെടുത്തു.
7 മത്സരങ്ങൾ പൂർത്തിയാക്കിയ ചെൽസി 4 വിജയവും 1 സമനിലയും 2 തോൽവികളുമായി 13 പോയിൻ്റോടെ അഞ്ചാം സ്ഥാനത്തേക്ക് കയറി. അത്രയും കളികളിൽ നിന്നും ഒരു വിജയവും 3 സമനിലയും 3 തോൽവികളുമായി 6 പോയിൻ്റോടെ 17ആം സ്ഥാനത്താണ് ക്രിസ്റ്റൽ പാലസ്.