അര്‍ഷ്ദീപ് സിങ്ങിനെ സഹീർ ഖാനോട് താരതമ്യപ്പെടുത്തി കമ്രാന്‍ അക്മല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ സഹീര്‍ ഖാനെ ലഭിച്ചെന്ന് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മല്‍. യുവതാരം അര്‍ഷ്ദീപ് സിങ്ങിനെയാണ് അക്മല്‍ സഹീര്‍ഖാനോട് താരതമ്യപ്പെടുത്തിയത്. തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതിനു പിന്നാലെയാണ് ഇതിഹാസ താരവുമായി അര്‍ഷ്ദീപിനെ അക്മല്‍ താരതമ്യപ്പെടുത്തിയത്.
‘അര്‍ഷ്ദീപ് മികച്ച ബൗളറാണ്. ഇന്ത്യ പുതിയ സഹീര്‍ഖാനെ കണ്ടെത്തിയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. പേസും സ്വിങ്ങും ഒരുപോലെ സമന്വയിക്കുന്ന പന്തുകളാണ് അര്‍ഷ്ദീപിന്റെത്. അദ്ദേഹം മാനസികമായും ശക്തനാണ്. അര്‍ഷ്ദീപിന് അദ്ദേഹത്തിന്റെ കഴിവ് നന്നായി അറിയാം’- ഇങ്ങനെയായിരുന്നു അക്മലിന്റെ വാക്കുകൾ.
2022 ഐപിഎല്ലിലെ മികച്ച പ്രകടനമാണ് അര്‍ഷ്ദീപിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ അരങ്ങേറിയ അര്‍ഷ്ദീപ് ഇതുവരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ വിജയം നേടിയപ്പോള്‍ അര്‍ഷ്‌ദീപ് സിംഗായിരുന്നു കളിയിലെ താരം. നാല് ഓവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റ് അര്‍ഷ്‌ദീപ് പേരിലാക്കി. തന്‍റെ ആദ്യ ഓവറില്‍ തന്നെയായിരുന്നു ഈ മൂന്ന് വിക്കറ്റുകളും.