Cricket Cricket-International Top News

ബുംറയ്ക്ക് പകരം ആര്? മൊഹ്‌സിൻ ഖാനെ ടീമിലെടുക്കാൻ ആരാധകരുടെ മുറവിളി

September 29, 2022

author:

ബുംറയ്ക്ക് പകരം ആര്? മൊഹ്‌സിൻ ഖാനെ ടീമിലെടുക്കാൻ ആരാധകരുടെ മുറവിളി

വ്യാഴാഴ്ച ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് സ്റ്റാർ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായതായി പ്രവചനങ്ങൾ വരികയാണ്.

എന്നാൽ ബുംറയ്ക്ക് പകരം ആര് ലോകകപ്പ് ടീമിൽ പകരക്കാരായി എത്തുമെന്ന ചോദ്യമാണ് മറുവശത്ത് ഉയരുന്നത്. പരിക്കേറ്റ പേസറിന് പകരക്കാരനായി നിരവധി പേരുകളാണ് ഉയരുന്നത്. അതിൽ ആരാധകരുടെ പ്രിയപ്പെട്ട താരമായി മൊഹ്‌സിൻ ഖാന്റെ പേരാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഡെത്ത് ബൗളിംഗ് ഓപ്ഷനുകളുടെ അഭാവം ടീമിനെ സംബന്ധിച്ച വലിയ തലവേദന തന്നെയാണ്.

എന്നാൽ ടി20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്റ്റാൻഡ്ബൈ താരങ്ങൾ 15 അംഗ ടീമിൽ എത്താനാണ് സാധ്യതയെങ്കിലും പുതിയ താരങ്ങളെ ഉൾപ്പെടുത്താനും ഇന്ത്യക്കാവും. മുഹമ്മദ് ഷമിയും ദീപക് ചാഹറും ബുംറയ്ക്ക് പകരക്കാരാകാൻ സാധ്യതയുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ ആരാധകർ 24 കാരനായ ഇടംകയ്യൻ പേസർ മൊഹ്‌സിൻ ഖാന്റെ പേരാണ് ഉയർത്തിക്കാട്ടുന്നത്.

പോയ ഐപിഎൽ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് മൊഹ്‌സിന്റെ പേര് ഉയർന്നുവരാൻ കാരണമായിരിക്കുന്നത്. 5.96 എന്ന സെൻസേഷണൽ ഇക്കോണമി റേറ്റുള്ള താരം ഒമ്പത് മത്സരങ്ങളിൽ നിന്ന് കെഎൽ രാഹുലിന്റെ എൽഎസ്ജിക്ക് വേണ്ടി 14 വിക്കറ്റുകളാണ് ഐപിഎല്ലിൽ വീഴ്ത്തിയത്. ഓസ്‌ട്രേലിയയുടെ ബൗൺസി ട്രാക്കുകളിൽ താരത്തിന് മികച്ച രീതിയിൽ പന്തെറിയാൻ കഴിയുമെന്നും ആരാധകർ പറയുന്നു.

Leave a comment