ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര; അഞ്ചാം മത്സരത്തിൽ നസീം ഷാ ഉണ്ടാവില്ലെന്ന് സ്ഥിരീകരണം
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന് തിരിച്ചടി. പേസ് സെൻസേഷൻ നസീം ഷായെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയതിനാൽ ഏഴ് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ താരം കളിക്കാനിടയില്ലെന്നാണ് സ്ഥിരീകരണം.
കടുത്ത പനിയായതിനാൽ സെപ്തംബർ 27 ചൊവ്വാഴ്ചയാണ് ഷായെ ആശുപത്രിയിൽ എത്തിച്ചതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ വക്താവ് പാകിസ്ഥാൻ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത പനി നെഞ്ചിലെ അണുബാധയുടെ ഫലമായിരുന്നു. അതിനാൽ അഞ്ചാം മത്സരത്തിൽ നിന്ന് നസീം ഷായെ ഒഴിവാക്കിയിട്ടുണ്ട്. നിരവധി പരിശോധനകൾക്ക് വിധേയനായ നസീം ഷാ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നാണ് സൂചന.
ശേഷിക്കുന്ന മത്സരങ്ങളിൽ ഷായുടെ പങ്കാളിത്തം മെഡിക്കൽ പരിശോധനയുടെ ഫലത്തെ ആശ്രയിച്ചിരിക്കുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. 2022 ടി20 ലോകകപ്പ് ടീമിന്റെ ഭാഗവുമായ താരം വേഗം സുഖംപ്രാപിക്കുമെന്നാണ് പാകിസ്ഥാന്റെ പ്രതീക്ഷ. ഏഷ്യാ കപ്പിൽ അരങ്ങേറ്റം കുറിച്ച ഷാ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തി വരവറിയിച്ചികുന്നു.






































