ദക്ഷിണാഫ്രിക്കയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ, 9 റൺസിനിടെ 5 വിക്കറ്റ് നഷ്‌ടം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സന്ദർശകർക്ക് ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഒൻപത് റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക കടുത്ത സമ്മർദ്ദത്തിലായി.
മൂന്നുവിക്കറ്റെടുത്ത അർഷ്ദീപ് സിങും രണ്ട് വിക്കറ്റെടുത്ത ദീപക് ചാഹറുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ക്വിന്റൺ ഡി കോക്ക് (1), ടെമ്പ ബാവുമ (0), റിലീ റോസോവ് (0), ഡേവിഡ് മില്ലർ (0), ട്രിസ്റ്റൻ സ്റ്റബ്സ് (0) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 ഓവർ പൂർത്തിയായപ്പോൾ 26-5 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 14 റൺസുമായി എയ്ഡൻ മാർക്രവും (14), വെയ്ൻ പാർനെലുമാണ് (8) ക്രീസിൽ
ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. ജസ്പ്രീത് ബുംറയും യൂസ്വേന്ദ്ര ചാഹലും ഹാര്‍ദിക്ക് പാണ്ഡ്യയും ഭുവനേശ്വറും ടീമിലില്ല. ഋഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ടീമിലിടം നേടി.
ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംഘവും. അടുത്തമാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഒരുങ്ങാനുള്ള അവസാന അവസരം കൂടിയാണിത്.






































