ഇന്ത്യക്ക് ആശ്വാസം കൊവിഡ് ബാധിതനായ പേസര്‍ മുഹമ്മദ് ഷമി രോഗ മുക്തനായി
കൊവിഡ് ബാധിതനായ പേസര്‍ മുഹമ്മദ് ഷമി രോഗ മുക്തനായി. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ക്യാമ്പിലേക്ക് എത്തുന്ന ആശ്വാസ വാര്‍ത്തയാണിത്. ടി20 ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരമാണ് ഷമി. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും നിറം മങ്ങിയ പശ്ചാത്തലത്തില്‍ സ്റ്റാന്‍ഡ് ബൈ താരമാണെങ്കിലും ഷമി രോഗമുക്തനായത് ഇന്ത്യക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ടെസ്റ്റ് റിസള്‍ട്ട് ‘നെഗറ്റീവ്’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്താണ് ഷമി കൊവിഡ് നെഗറ്റീവായകാര്യം ആരാധകരെ അറിയിച്ചത്. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയില്ലെങ്കിലും ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകളില്‍ ഷമി ടീമിലുണ്ടായിരുന്നു.
എന്നാല്‍ ഓസീസിനെതിരായ പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഈ മാസം 17നാണ് ഷമി കൊവിഡ് ബാധിതനായത്. ഇതോടെ ഓസ്ട്രേലിയക്കെതിരായ പരമ്പര പൂര്‍ണമായും ഷമിക്ക് നഷ്ടമായി. പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുമ്പ് നെഗറ്റീവ് ആവാതിരുന്നതോടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നിന്നും ഷമിയെ ഒഴിവാക്കിയിരുന്നു.






































