Cricket Cricket-International Top News

ട്വന്റി20 പോരാട്ടത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ മത്സരം ഇന്ന് കാര്യവട്ടത്ത്

September 28, 2022

author:

ട്വന്റി20 പോരാട്ടത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ മത്സരം ഇന്ന് കാര്യവട്ടത്ത്

കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ട്വന്റി20 പോരാട്ടത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം. ലോകത്തിലെ മികച്ച ബാറ്റിങ് നിരയുള്ള ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍, കാര്യവട്ടത്ത് വമ്പന്‍ വെടിക്കെട്ടാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് വിരുന്നെത്തുന്നത്. അതിനാൽ തന്നെ തിരുവനന്തപുരം നഗരം ക്രിക്കറ്റ് ആവേശത്തിലാണ്. ഇന്നു രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കുക. മത്സരത്തിനു മുന്‍പ് ഇരു ടീമുകളും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.

ഓസ്ട്രേലിയയ്ക്കെതിരേയുള്ള പരമ്പരവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരേയും അയര്‍ലന്‍ഡിനെതിരേയുമുള്ള പരമ്പരകള്‍ വിജയിച്ചാണ് ദക്ഷിണാഫ്രിക്കന്‍ ടീം പര്യടനത്തിനെത്തുന്നത്. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കും കോവിഡ് ബാധിതനായ പേസര്‍ മുഹമ്മദ് ഷമിക്കും പകരം ശ്രേയസ് അയ്യരെയും ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രോഹിത്തിന്റെ കീഴില്‍ ഇറങ്ങുന്ന ടീമില്‍ കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് സ്ഥാനമുറപ്പാണ്. യൂസ്‌വേന്ദ്ര ചാഹലിന് മറ്റൊരു അവസരം കൂടി ലഭിച്ചേക്കും. ശേഷിക്കുന്ന ഒരു സ്ഥാനത്ത് ദീപക് ചാഹര്‍ അല്ലെങ്കില്‍ റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ സ്ഥാനം പിടിച്ചേക്കും. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണായകമാണ് ഈ പരമ്പര.

Leave a comment