ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര, സഞ്ജു വൈസ് ക്യാപ്റ്റനായി എത്തും! പ്രഖ്യാപനം നാളെ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ടി20 ലോകകപ്പിന് പോകുന്ന താരങ്ങളെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിക്കുക. ശിഖര്‍ ധവാന് ടീമിനെ നയിക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് വൈസ് ക്യാപ്റ്റനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ഒക്ടോബര്‍ ആറിന് ലക്നൗവിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും ഏകദിനം ഒമ്പത്, 11 തീയതികളില്‍ റാഞ്ചിയിലും ദില്ലിയിലുമായി നടക്കും. അതേസമയം, പരിശീലകന് രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിക്കും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വിവിഎസ് ലക്ഷ്മണ് ടീമിനൊപ്പം ചേരും.
നേരത്തെ അയര്‍ലന്‍ഡ്, സിംബാബ്വെ പര്യടനങ്ങളില്‍ ലക്ഷ്മണ് ടീമിനൊപ്പമുണ്ടായിരുന്നു. ഏഷ്യാ കപ്പിനിടെ രാഹുല്‍ ദ്രാവിഡ് കൊവിഡ് പൊസിറ്റീവായപ്പോള്‍ ലക്ഷ്മണിനെ ഇടക്കാല കോച്ചുമാക്കിയിരുന്നു. ന്യൂസിലന്‍ഡ് എയ്ക്കെതിരെ ഏകദിന പരമ്പര അവസാനിക്കാന്‍ കാത്തിരിക്കുകയാണ് സെലക്റ്റര്‍മാര്‍. കിവീസിനെതിരെ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.






































