ടി20 ക്രിക്കറ്റിൽ പുതിയ റെക്കോർഡിട്ട് പാകിസ്ഥാൻ
ചരിത്രത്തിൽ 200 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ ടീമെന്ന റെക്കോർഡിട്ട് പാകിസ്ഥാൻ. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏഴ് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരത്തിലാണ് പാകിസ്ഥാൻ പുതിയ നേട്ടത്തിലെത്തിയിരിക്കുന്നത്.
2006-ലാണ് പാകിസ്ഥാൻ തങ്ങളുടെ ആദ്യ ടി20 മത്സരം കളിക്കുന്നത്. അതിനുശേഷം ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോർമാറ്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിൽ ഒന്നുകൂടിയാണ് പാകിസ്ഥാൻ. 2007-ലെ ടി20 ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലിൽ തങ്ങളുടെ ചിരവൈരികളായ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും 2009 പതിപ്പിൽ കപ്പിൽ മുത്തമിട്ടാണ് പാകിസ്ഥാൻ കുട്ടിക്രിക്കറ്റിലെ തങ്ങളുടെ ആതിപത്യം സ്ഥാപിച്ചത്.
ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടി20യിൽ മൂന്നു റൺസിന്റെ ജയവുമായാണ് തങ്ങളുടെ 200-ാം മത്സരം പാകിസ്ഥാൻ ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയർ നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 19.2 ഓവറിൽ 163 റൺസിന് ഓൾഔട്ടാവുകയായിരുന്നു.






































