ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിന്റെ പുതിയ ഐക്കൺ പ്ലെയറായി നിക്കോളാസ് പുരാനെ പ്രഖ്യാപിച്ചു
നിലവിലെ ചാമ്പ്യൻമാരായ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിന്റെ പുതിയ ഐക്കൺ പ്ലെയറായി വെസ്റ്റ്ഇൻഡീസ് ഏകദിന, ടി20 ക്യാപ്റ്റൻ നിക്കോളാസ് പുരാനെ പ്രഖ്യാപിച്ചു. 2022 നവംബർ 23 മുതൽ 2022 ഡിസംബർ 4 വരെ നടക്കുന്ന അബുദാബി ടി10 ന്റെ ആറാം സീസണിൽ വെസ്റ്റ് ഇന്ത്യൻ ടീമംഗങ്ങളായ ആന്ദ്രെ റസ്സൽ, ഒഡിയൻ സ്മിത്ത് എന്നിവരുടെ നിരയിലേക്കാണ് സ്റ്റാർ ഓൾറൗണ്ടറും ചേരുന്നത്.
പുരാൻ 2019 മുതൽ ഐപിഎല്ലിലെ സ്ഥിരാംഗമാണ്. സൺറൈസേഴ്സ് ഹൈദരാബാദിനായുള്ള പോയ സീസണിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഐപിഎല്ലിന് പുറമെ, പിഎസ്എൽ, ബംഗ്ലാദേശ് പ്രീമിയർ ലീഗ്, കരീബിയൻ പ്രീമിയർ ലീഗ് എന്നിവയിലുടനീളം വിൻഡീസ് ക്യാപ്റ്റൻ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
അബുദാബി T10 ടൂർണമെന്റിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനും താരത്തിനായിട്ടുണ്ട്. 2020-ൽ നോർത്തേൺ വാരിയേഴ്സ് ടീമിനെ രണ്ടാം കിരീടത്തിനായി നയിച്ചത് പുരാന്റെ മികവായിരുന്നു. ഒരു ടീം ലീഡർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യവും വിക്കറ്റ് കീപ്പിംഗിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യവും വരാനിരിക്കുന്ന പതിപ്പിൽ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിന് ഗുണംചെയ്യും.






































