Cricket Cricket-International Top News

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ

September 26, 2022

author:

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ പാകിസ്ഥാന്‍ ടീമിന്‍റെ റെക്കോര്‍ഡ് പിഴുതെറിഞ്ഞ് രോഹിത് ശർമയും സംഘവും. ഹൈദരാബാദിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടി20യില്‍ വിജയം തട്ടിയെടുത്തപ്പോൾ ടീം ഇന്ത്യ പരമ്പര മാത്രമല്ല, അതോടൊപ്പം പാകിസ്ഥാന്റെ റെക്കോർഡ് കൂടിയാണ് മറികടന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം 2021ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് മറികടന്നത്. നേരത്തെ നാഗ്‌പൂരില്‍ നടന്ന രണ്ടാം ടി20യില്‍ ത്രില്ലര്‍ ജയവുമായി ടീം ഇന്ത്യ റെക്കോര്‍ഡ് ബുക്കില്‍ പാകിസ്ഥാന് ഒപ്പമെത്തിയിരുന്നു. 2021ലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം 20 രാജ്യാന്തര ടി20കള്‍ വിജയിച്ചത്.

ഇനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20കളുടെ പരമ്പരയും പിന്നാലെ ടി20 ലോകകപ്പും നടക്കാനുള്ളതിനാല്‍ ഇന്ത്യന്‍ ടീം റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ഉറപ്പായിരുന്നു. ലോകകപ്പ് തീരുന്നതോടെ റെക്കോര്‍ഡ് ബുക്കില്‍ ബഹുദൂരം പാകിസ്ഥാനെ പിന്നിലാക്കാന്‍ ടീം ഇന്ത്യക്കായേക്കും.

ഹൈദരാബാദ് ടി20യില്‍ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. 36 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും സഹിതം 69 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

Leave a comment